ശാസ്ത്രദീപ്തി







 സ്വര്‍ണ്ണമുണ്ടാക്കാന്‍ ബാക്ടീരിയ
ഒളിഞ്ഞിരിക്കുന്ന സ്വര്‍ണ്ണം കണ്ടെത്താന്‍ ഇനി മെറ്റല്‍ഡിക്ടറ്റര്‍ വേണ്ട. ബാക്ടീരിയ മതി.
ഡെല്‍ഫ്ഷ്യ അസിഡോവോറന്‍സ്(Delftia acidovorans)എന്ന ബാക്ടീരിയ ഉപയോഗിച്ച്
സ്വര്‍ണ്ണം ലയിച്ച ലായനിയില്‍ നിന്നും സ്വര്‍ണ്ണക്കട്ടി ഉണ്ടാക്കുന്ന വിദ്യ ശാസ്ത്രജ്ഞര്‍  കണ്ടെത്തിയിരിക്കുന്നു.
ഈ ബാക്ടീരിയ ഉപയോഗിച്ച് ഭാവിയില്‍ ഖനികളില്‍ നിന്നും സ്വര്‍ണ്ണവും സ്വര്‍ണ്ണത്തിന്റെ നാനോകണങ്ങളും ഉണ്ടാക്കാന്‍
കഴിയുമെന്ന് ഇതു സംബന്ധിച്ച് ഗവേഷണം ചെയ്യുന്ന ആസ്ത്രേലിയയിലെ അഡെലൈയ്ഡെ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്ക് റെയ്ത്ത്
പറയുന്നു.
2006ല്‍ റെയ്ത്തും സഹപ്രവര്‍ത്തകരും മണ്ണിലെ സ്വര്‍ണ്ണതരികളില്‍ ബാക്ടീരിയയെ കണ്ടെത്തിയിരുന്നു.
ഇവയില്‍ ചിലത് സ്വര്‍ണ്ണത്തിന്റെ ലായനിയില്‍ നിന്നും സ്വര്‍ണ്ണം അവക്ഷിപ്തപ്പെടുത്തുന്നതയും കണ്ടെത്തി.
ഇപ്പോള്‍ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ നാതന്‍ മഗര്‍വേയും സഹപ്രവര്‍ത്തകരും കണ്ടത്തിയ പുതിയ കാര്യം
ഡി.അസിഡോവോറന്‍സ് സ്രവിപ്പിക്കുന്ന പ്രോട്ടീന്‍ സ്വര്‍ണ്ണലായനിയില്‍ നിന്നും സ്വര്‍ണ്ണക്കട്ടി ഉണ്ടാക്കുന്നു എന്നതാണ്.

സ്വര്‍ണ്ണലായനി മിക്കവാറും ബാക്ടീരിയകള്‍ക്ക് വിഷകരമാണ്. എന്നാല്‍ ഈബാക്ടീരിയയുടെ സ്രവത്തിന് വിഷത്തിനെ പ്രതിരോധിക്കാനും
അത് ലോഹരൂപത്തിലേക്ക് മാറ്റുന്നതിനും കഴിയും.
ഇത്തരത്തിലെ മറ്റൊരു ബാക്ടീരിയയായ കുപ്രൈവിഡസ് മെറ്റലിഡുറന്‍സ്(Cupriavidus metallidurans) അതിന്റെ സെല്ലിനുള്ളില്‍വച്ചുതന്നെയാണ്ഇത്തരത്തില്‍ പരിവര്‍ത്തനം നടത്തുന്നത്.
ബാക്ടീരിയയുടെ സ്രവത്തിനെ മഗര്‍വേയും കൂട്ടരും ഡെല്‍ഫ്ടിബാക്ടിന്‍ (delftibactin) എന്നാണ് പേരുനല്‍കിയിരിക്കുന്നത്.
ഈ പരീക്ഷണം ബാക്ടീരിയയെ ഉപയോഗിച്ച് ലാബില്‍ വച്ച് വെള്ളത്തില്‍നിന്നും സ്വര്‍ണ്ണമുണ്ടാക്കുകയായിരുന്നില്ല.
ഭാവിയില്‍ ഒരു പക്ഷെ അത്തരം പ്രക്രിയകള്‍ സാധ്യമാകുന്നരീതിയിലാണ് പരീക്ഷണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ലയിച്ച സ്വര്‍ണ്ണം അദൃശ്യമായിരിക്കും. ഇത് സമുദ്രത്തലും ഭൂഗര്‍ഭജലത്തിലും കാണപ്പെടുന്നു.
ബാക്ടീരിയകള്‍ക്ക് വളരാന്‍ ഇരുമ്പ് പോലുള്ള ലോഹങ്ങള്‍ വേണം. എന്നാല്‍ വെള്ളി പോലുള്ള ലോഹങ്ങള്‍ അവയെ കൊല്ലുന്നു.
ഡി.അസിഡോവോറന്‍സ് ബാക്ടീരിയ സ്വര്‍ണ്ണത്തല്‍ മാത്രമല്ല, മണ്ണിലും ജലത്തിലും കാണപ്പെടുന്നു.
-ck biju paravur


ഛിന്നഗ്രഹം വരുന്നു........ഭൂമിയ്ക്ക്  വളരെ അടുത്തുകൂടെ.....!
ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ പകുതി വലിപ്പമുള്ള ഒരു ഛിന്നഗ്രഹം(ASteroid) ഭൂമിയോട് വളരെഅടുത്തുകൂടെ പോകും എന്നതാണ് ഈ വാരത്തിലെ ഏറ്റവും പ്രധാന ജ്യോതിശാസ്ക്രഫലം.
കഴിഞ്ഞവര്‍ഷം നാസ കണ്ടുപിടിച്ച ' 2012 DA14' എന്ന ഛിന്നഗ്രഹം ആണ് കഥാനായകന്‍.
ഇതുവരെ കണ്ടുപിടിച്ചതില്‍ വച്ച്  ഭൂമിക്കരികെപോകുന്നതില്‍ ഏറ്റവും വലിയതും ഇതുതന്നെ. ഇതിന്റെ തിളക്കത്തില്‍ നിന്ന് 50 മുതല്‍ 80 മീറ്റര്‍ വരെ വീതിയും ഏകദേശം 1,30,000 ടണ്‍ ഭാരവുമുണ്ടാകാമെന്ന് ശാസ്ത്രജ്ഞന്‍ കണക്കുകൂട്ടുന്നു.
ആസ്ത്രേലിയയുടെ പടിഞ്ഞാറുഭാഗത്തുള്ളവര്‍ക്കാണ് ഇതുകാണാന്‍ സാധിക്കുക. ഫെബ്രുവരി 15 ന് അത് ഭൂമിയോട് വളരെ അടുത്തെത്തും. അപ്പോള്‍ അത് ഭൂമിയില്‍നിന്ന് 27,700 കിലോമീറ്ററില്‍ താഴെ മാത്രമേ അകലമുണ്ടാകൂ. ഈ ഛിന്നഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ അന്റാര്‍ട്ടിക്കയ്ക്കടുത്ത് വരുമെങ്കിലും ഭൂമിയോട് ഏറ്റവും അടുത്തുവരുന്നത് ഇന്ത്യോനേഷ്യയിലെ സൂമാത്രദ്വീപിനടുത്തായിരിക്കുമെന്ന് മക്വയര്‍ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞന്‍ ക്രൈഗ് ഒ നീല്‍ അഭിപ്രായപ്പെടുന്നു.
ആസ്ത്രേലിയയുടെ പടിഞ്ഞാറുഭാഗത്തുള്ള അഡിലെയ്ഡ് മുതല്‍ പെര്‍ത്ത് വരെയുള്ള സ്ഥലങ്ങളില്‍ ഇത് ദൃശ്യമാകും. പക്ഷെ ടെലിസ്കോപ്പ് അല്ലെങ്കില്‍ ബൈനോക്കുലര്‍ ഉണ്ടെങ്കിലേ ഇത് വ്യക്തമായി നിരീക്ഷിക്കാനാകൂ. എന്നാല്‍ കൂടുതല്‍ അടുത്തുവരുമ്പോള്‍ അതിന്റെ കാന്തിമാനം (ശോഭയുടെ അളവ്) 7.4 ആകും. അതുകൊണ്ട് നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കാന്‍ പാടില്ല. ഇത് രാവിലെയാണ് ഭൂമിയോടടുത്തു വരിക. അപ്പോള്‍ പ്രകാശമുള്ളതിനാല്‍ വ്യക്തമായി കാണാനും ബുദ്ധിമുട്ടായിരിക്കും.
ഈ ഛിന്നഗ്രഹം ഏകദേശം നാലുമിനിട്ടോളം ഭൂമിയോടടുത്തുവന്നതിനു ശേഷം, 18 മിനിറ്റോളം ഭൂമിയുടെ നിഴലിലായിരിക്കും. അതിനുശേഷം അകന്നുപോകുന്നതിനനുസരിച്ച് പെട്ടെന്ന് മങ്ങുകയും ചെയ്യുന്നു.

ഭൂമിയില്‍ ഇടിക്കുമോ....?
ഇല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിന്റെ പരിക്രമണപഥം നിരീക്ഷിച്ചതില്‍ നിന്നും 2012 DA14 ന്റേത്  ഏകദേശം ഭൂമിയുടേതുപോലെയാണ്. 12 ഡിഗ്രി വ്യത്യാസവും അല്പം നീളം കൂടുതലും എന്നേയുള്ളു. ഇതിന്റെ പരിക്രമണകാലം 368 ദിവസമാണ്. എന്നാല്‍ ഭൂമിയോടടുത്തുകൂടുപോകുമ്പോള്‍ ഇതില്‍ വ്യത്യാസം വരും. അടുത്തുവരുന്നതുകൊണ്ട് അതിന്റെ പരിക്രമണകാലം 317ദിവസമായി കുറയും.
നാസയുടെ മൊജാവെ മരുഭൂമിയിലെ ഗോള്‍ഡ്സ്റ്റോണ്‍ റഡാര്‍ ' 2012DA14'നെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഭൂമിയോടടുത്തുള്ള ഈ ഹ്രസ്വസന്ദര്‍നത്തിനുശേഷം ഇതിന്റെ പാതയിലുള്ള മാറ്റം നിരിക്ഷിച്ചുകൊണ്ട് ഈ ഛിന്നഗ്രഹത്തിന്റെ  ഭാവി കണക്കുകൂട്ടാം. ഭാവിയില്‍ ഒരു ഛിന്നഗ്രഹം ഇടിക്കാനുള്ള സാഹചര്യങ്ങളും കണ്ടെത്താമെന്നതാണ് പ്രധാനം.

മുമ്പ് സംഭവിച്ചത്.......
നാസയിലെ ഡോണ്‍ യീമന്‍സ് എന്ന ശാസ്ത്രജ്ഞന്‍ അഭിപ്രായത്തില്‍  2012DA14 എന്ന ഛിന്നഗ്രഹം ഓരോ നാല്പതുവര്‍ഷം കൂടുമ്പോഴും ഭൂമിയോടടുത്തുവരും, എന്നാല്‍ 1200 വര്‍ഷത്തിലൊരിക്കലേ ഇടിക്കാനുള്ള സാധ്യതയുള്ളൂ. അത് ഇടിക്കുകയാണെങ്കില്‍ 2.4 മെഗാ ടണ്‍ ശക്തിയുള്ള ബോംബിനുതുല്യമായിരിക്കും.
ഇതേവലിപ്പമുള്ള ഒരു ഉല്‍ക്കയാണ് 50, 000 വര്‍ഷങ്ങള്‍ക്കുമുമ്പ് അരിസോണയില്‍ 1.6 കിലോമീറ്റര്‍ വീതിയുള്ള ഗര്‍ത്തമുണ്ടാക്കിയത്.
1908ല്‍ 2012DA14 ന്റെ വലിപ്പത്തിലുള്ള ബഹിരാകാശ ശിലയാണ് സൈബീരിയയിലെ തുങ്കുസ്കയില്‍ 2000 ചതുര കിലോമീറ്റര്‍ വലിപ്പമുള്ള കാട് നിലംപരിശാക്കിയത്. അത്  വെറും 100 വര്‍ഷം മുമ്പ് മാത്രം സംഭവിച്ചകാര്യമായതിനാല്‍ , സ്ഥിതിവിവരക്കണക്കുവച്ചു നേക്കുമ്പോള്‍ ഇപ്പോള്‍ നാം സുരക്ഷിതരാണെന്നു പറയാം.
-ck biju paravur



-->
 
 വൈദ്യുതി ലാഭിക്കാന്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും
"പ്രിയപ്പെട്ട കുട്ടികളെ വൈദ്യുതി അമൂല്യമാണ്. വൈദ്യുതി പാഴാക്കുന്നത് രാജ്യത്തിന്റെ വികസനത്തിനുതന്നെ മുരടിപ്പുണ്ടാക്കുന്നു. ഈക്ലാസ്സിലെ 40 കുട്ടികളും ഒരു ദിവസം 1/10 യൂണിറ്റ് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നു എന്നു കരുതുക. അപ്പോള്‍ ഒരു ദിവസം നിങ്ങള്‍ 4 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു. അങ്ങനെയെങ്കില്‍ 30 ദിവസങ്ങള്‍ ഉള്ള ഒരു മാസം 120 യൂണിറ്റ് വൈദ്യുതിയും ഒരു വര്‍ഷം 1440 യൂണിറ്റ് വൈദ്യുതിയും ലാഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ രീതിയില്‍ നമ്മുടെ വിദ്യാലയത്തിലെ 10 ക്ലാസ്സിലെ കുട്ടികള്‍ ചിന്തിച്ചാല്‍ ഒരു വര്‍ഷം 14400 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ നമുക്ക് കഴിയും. ഇത് 28800 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു തുല്യമാണ്. കാരണം ഒരു യൂണിറ്റ് വൈദ്യുതി നിങ്ങളുടെ വീടുകളില്‍ എത്തുമ്പോള്‍ അത്രയും തന്നെ വൈദ്യുതി പ്രസരണ നഷ്ടം ഉണ്ടാകുന്നു ​​എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്." നിസാര്‍ സാര്‍ ഇത്രയും പറഞ്ഞപ്പോള്‍ കുട്ടികള്‍ ചോദിച്ചു ," ഇതിനായി ഞങ്ങള്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് ?"
നിങ്ങള്‍ ചെയ്യേണ്ടത്.....
1) നിങ്ങളുടെ വീടുകളില്‍ സാധാരണ ബള്‍ബുകള്‍ (ഫിലമെന്റ് ബള്‍ബുകള്‍) ഉപയോഗിക്കുന്നുണ്ട് എങ്കില്‍ അവയുടെ സ്ഥാനത്ത് സി. എഫ്. എല്‍ ഉപയോഗിക്കുക.
2) സീറോ വാട്ട് ബള്‍ബുകള്‍ (പേരില്‍ മാത്രം സീറോ വാട്ട്) എന്ന പേരില്‍ വിളിക്കുന്ന ബള്‍ബുകള്‍ക്ക് (15W)പകരം പവര്‍ കുറഞ്ഞ LED ലാമ്പ് ഉപയോഗിക്കുക.
സീറോ വാട്ട് ബള്‍ബുകള്‍ ഒരു ദിവസം 6 മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 0.09 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. അതായത് ഒരു മാസം 2.7 യൂണിറ്റ് വൈദ്യുതി. എന്നാല്‍ അവയുടെ
സ്ഥാനത്ത് LEDലാമ്പ് (1W)ഉപയോഗിക്കുമ്പോള്‍ ഒരു മാസം 0.18 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഒരു മാസം 2.52 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു.
3) ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ലൈറ്റ്, ഫാന്‍, ടി. വി., കമ്പ്യൂട്ടര്‍ എന്നിവയുടെ സ്വിച്ച് ഓഫ് ചെയ്യുക. പെട്ടെന്നു കറന്റു പോയാല്‍ മുറിയില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തു എന്ന് ഉറപ്പ് വരുത്തുക.
4) പകല്‍ സമയത്ത് വീടിനുള്ളില്‍ കാറ്റും വെളിച്ചവും കടക്കത്തക്കരീതിയില്‍ ജനാലകള്‍ തുറന്നിടുക. അത്യാവശ്യം വേണ്ടുന്ന സാഹചര്യങ്ങളില്‍ മാത്രം ലൈറ്റ്, ഫാന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുക.
5) മുറികള്‍ക്കുള്ളില്‍ അടുത്ത തവണ പെയിന്റ് ചെയ്യുമ്പോള്‍ ഇളം നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുക.
6)പഴയ ട്യൂബ് ലൈറ്റുകള്‍ കേടുവന്ന് മാറ്റുമ്പോള്‍ ഇലക്ട്രോണിക്സ് ചോക്കും സ്ലിം ട്യൂബുകളും ഉപയാഗിക്കുക.
7) നിലവില്‍ ഉപയോഗിക്കുന്ന ഫാനുകളുടെ കോയിലുകളില്‍ തകരാറ് ഉണ്ടെങ്കില്‍ അവ യഥാസമയം പരിഹരിക്കുക. പുതിയ ഫാനുകള്‍ വാങ്ങുമ്പോള്‍ വിലകുറവ് കണക്കിലെടുത്ത് ഭാരവും വാട്ടേജ് കൂടിയതുമായ ഫാനുകള്‍ വാങ്ങരുത്. സ്റ്റാര്‍ റേറ്റിംഗ് നോക്ക് ഫാനുകള്‍ തെരെഞ്ഞെടുക്കുക. മിതമായ വേഗതയില്‍ മാത്രം ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുക.
കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനു കീഴില്‍ ഉള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ആണ് സ്റ്റാര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തിയത്. ചുവന്ന പ്രതലത്തില്‍ 5 സ്റ്റാറുകള്‍ ഉണ്ടെങ്കില്‍ ആ ഉപകരണം ഏറ്റവും ഊര്‍ജക്ഷമത കൂടിയതായിരിക്കും.
8)ആവശ്യകത അനുസരിച്ച് വലിപ്പവും സ്റ്റാര്‍ റേറ്റിംഗ് കൂടിയതുമായ റഫ്രിജറേറ്റര്‍ തെരെഞ്ഞെടുക്കുക. ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജിന്റെ വാതില്‍ തുറക്കരുത്. ആഹാരസാധനങ്ങള്‍ ചൂടോടെ ഫ്രിഡ്ജിനകത്ത് വയ്ക്കരുത്. കഴിയുമെങ്കില്‍ ഇടയ്ക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഭിത്തിയില്‍ നിന്നും ഒരടിയെങ്കിലും വിട്ടു ഫ്രിഡ്ജ് വയ്ക്കുന്നതാണ് നല്ലത്. രാത്രി 7 മണി മുതല്‍ 10 മണി വരെ ഫ്രിഡ്ജ് ഓഫ് ചെയ്ത് വയ്ക്കാം. കൂടുതല്‍ ഭാരം ഫ്രിഡ്ജിനകത്തു കയറ്റി വയ്ക്കരുത്.
9)ഇസ്തിരിപ്പെട്ടി വാങ്ങുമ്പോള്‍ സ്റ്റാര്‍ റേറ്റിംഗ് നോക്കി ഓട്ടോമാറ്റിക് കട്ട് ഓഫ് ആകുന്നവ തെരെഞ്ഞെടുക്കുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് 450W ഇസ്തിരിപ്പെട്ടി മതിയാവും. ഇസ്തിരി ഇടുന്ന സമയത്ത് ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടുക.
10) മിക്സി, ഗ്രൈന്‍ഡര്‍ എന്നിവ മികച്ച സ്റ്റാര്‍ റേറ്റിംഗ് ഉള്ളവ തെരെഞ്ഞെടുക്കുക. ISI മുദ്രയുള്ള
ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡര്‍ തെരെഞ്ഞെടുക്കുക. ഓവര്‍ലോഡ് റിലേയുള്ള മിക്സി ഉപയോഗിക്കുക.
11)സ്റ്റാര്‍ റേറ്റിംഗ് ഉള്ള വാട്ടര്‍ പമ്പ് ആവശ്യം അനുസരിച്ച് ശേഷി ഉള്ളവ വാങ്ങുക. അനാവശ്യമായി പമ്പ് പ്രവര്‍ത്തിപ്പിക്കരുത്.
12) ടി. വി., കംപ്യുട്ടര്‍ എന്നിവ വാങ്ങുമ്പോള്‍ LCD/LED ണോണിറ്റര്‍ ഉള്ളവ തെരെഞ്ഞെടുക്കുക. ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ഓഫ് ചെയ്യുക.
13) എസി, വാഷിംഗമെഷീന്‍, എയര്‍കൂളര്‍ എന്നിവ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക..
14) ബാത്ത്റൂമുകളില്‍ സി.എഫ് ലാമ്പുകള്‍ക്ക് പകരം 3W LED ലാമ്പുകള്‍ ഉപയോഗിക്കുക.
15) അനാഴശ്യമായി തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നതുകണ്ടാല്‍ ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുക.
16) രാത്രികാലങ്ങളില്‍ കറന്റ് ഇല്ലാതിരിക്കുകന്ന സമയങ്ങളില്‍ ഉപയോഗിക്കുന്നതിന്, സോളാര്‍ LED ലാമ്പുകള്‍ ഉപയോഗിക്കുക.
ഊര്‍ജ ഉപഭോഗ പട്ടിക
വൈദ്യുത ഉപകരണം പവര്‍ (W) ഒരു യൂണിറ്റ് വൈദ്യുതി ചെലവാകാന്‍ ഉപകരണം പ്രവര്‍ത്തിക്കേണ്ട സമയം ദിവസം 1മണിക്കുര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുമാസത്തെ വൈദ്യുത ഉപഭോഗം(യൂണിറ്റ്)
ബള്‍ബ് 40 25 മണിക്കൂര്‍ 1.2
ബള്‍ബ് 60 16.6മണിക്കൂര്‍ 1.8
ബള്‍ബ് 100 10 മണിക്കൂര്‍ 3
സി. എഫ്. എല്‍ 5 200മണിക്കൂര്‍ 0.15
സി. എഫ്. എല്‍ 14 71.42 മണിക്കൂര്‍ 0.42
സി. എഫ്. എല്‍ 20 50മണിക്കൂര്‍ 0.6
ഫ്ലൂറസെന്റ് ലാമ്പ് (ഇലക്ട്രോണിക് ചോക്ക്) 35 28.57മണിക്കൂര്‍ 1.05
ഫ്ലൂറസെന്റ് ലാമ്പ്
(കോപ്പര്‍ ചോക്ക്)
55 18.18 മണിക്കൂര്‍ 1.65
സീറോ വാട്ട് ബള്‍ബ് 15 66.66മണിക്കൂര്‍ 0.45
സീലിംഗ് ഫാന്‍ 60 16.66 മണിക്കൂര്‍ 1.8
ടേബിള്‍ ഫാന്‍ 40 25 മണിക്കൂര്‍ 1.2
ഇസ്തിരിപ്പെട്ടി 450 2.22മണിക്കൂര്‍ 13.5
ഇസ്തിരിപ്പെട്ടി 1000 1മണിക്കൂര്‍ 30
.സി. (1 ടണ്‍) 1400 43 മിനിറ്റ് 42
.സി. (1.5 ടണ്‍) 1800 33 മിനിറ്റ് 54
എയര്‍ കൂളര്‍ 170 5.88മണിക്കൂര്‍ 5.1
റഫ്രിജറേറ്റര്‍ 225 4.4 മണിക്കൂര്‍ 6.75
റഫ്രിജറേറ്റര്‍ 300 3.33 മണിക്കൂര്‍ 9
വാഷിംഗ് മെഷീന്‍ 200 5 മണിക്കൂര്‍ 6
വാഷിംഗ് മെഷീന്‍ (ഓട്ടോമാറ്റിക്) 365 2.73 മണിക്കൂര്‍ 58
റേഡിയോ 15 66.66മണിക്കൂര്‍ 0.45
സി.ഡി.പ്ലയര്‍ 20 50 മണിക്കൂര്‍ 0.6
ടി. വി. 60 16.66 മണിക്കൂര്‍ 1.8
ടി. വി. 120 8.33 മണിക്കൂര്‍ 3.6
കമ്പ്യൂട്ടര്‍ 100 10മണിക്കൂര്‍ 3
കമ്പ്യൂട്ടര്‍ 150 6.66 മണിക്കൂര്‍ 4.5
വൈദ്യുതി ലാഭിക്കുന്നത് വൈദ്യുതി നിര്‍മ്മിക്കുന്നതിന് തുല്യമാണ്.
നാം ലാഭിക്കുന്ന ഓരോയൂണിറ്റ് വൈദ്യുതിയും രാജ്യത്തോടും ഭാവിതലുറയോടും
നമ്മോടുതന്നെയും നാം സ്വീകരിക്കുന്ന കരുതലാണ്.


No comments: